പണിക്കരു സാറും ചൂരലും പിന്നെ ഞാനും
അഞ്ചാം ക്ലാസ്സിൽ ചേരുന്നത് ഒരു പുതിയ സ്കൂളിലാണ്. പുതിയ സ്കൂൾ പുതിയ കൂട്ടുകാർ.
അച്ഛന്റെ കുടുംബം വക ആയിരുന്നു ആ സ്‌കൂളിരിക്കുന്ന സ്ഥലവും അതിനോട് ചേർന്നുള്ള അമ്പലവും മറ്റും. അത് നാട്ടുകാർക്കായി വിട്ടുകൊടുത്തതാണ്. അതിന്റെ ഒരു പ്രത്യേക പരിഗണന സ്കൂൾ മാനേജ്മെന്റിൽ നിന്ന് കിട്ടാറുണ്ട്.
വീട്ടിൽ നിന്ന് ഏതാണ്ട് നാല് കിലോമീറ്ററിൽ കൂടുതൽ പോകണം സ്കൂളിലേക്ക്. മഴയത്തുള്ള പോക്ക് വളരെ ബുദ്ധിമുട്ടുള്ളതാണ്. അപ്പോൾ വള്ളത്തിലാണ് സ്കൂളിലേക്കുള്ള യാത്രകൾ. വള്ളം തുഴയുന്ന തങ്കപ്പന്റെ കണ്ണ് വെട്ടിച്ച് നെയ്യാമ്പൽ പൂവുകൾ പറിച്ചെടുക്കുക ഒരു രസമായിരുന്നു. വള്ളം മറിയും എന്നു പേടിയുള്ളതിനാൽ അതിന് സമ്മതിക്കുകയില്ല.
മഴക്കാലത്ത് അന്ന് പൊതുവെ കൃഷി കാണില്ല. പാടത്ത് വെള്ളം കയറും.
ജൂൺ - ജൂലൈ മാസക്കാലത്തെ അന്നത്തെ കുട്ടനാട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.
കിഴക്കൻ മലകളിൽ നിന്ന് കുത്തിയോഴുകി വരുന്ന വെള്ളം പമ്പയും അതിന്റെ കൈവഴികളിലുമായി നിറഞ്ഞു കവിഞ്ഞൊഴുകും. കരയും പുഴയും വയലുകളും ഒന്നാകും.
പമ്പയാറിന്റെ ഓരം ചേർന്നാണ് സ്കൂളിലോട്ടുള്ള വഴി. ആറ്റിൽ നിന്ന് ധാരാളം ചെറിയ കൈത്തോടുകൾ ഉള്ളിലുള്ള വീടുകളിലേക്കുണ്ട്.
അതിനെല്ലാം ഒറ്റത്തടി പാലങ്ങളും. ചിലേടത്ത് ഉരുളൻ തെങ്ങിൻതടി പാലവും കാണാം.
അതിന്റെ മുകളിലൂടെയുള്ള നടത്തം കുട്ടനാട്ടുകാർക്കും പിന്നെ സർക്കസ്സുകാർക്കും മാത്രം സാധിക്കുന്ന ഒരു കാര്യമാണെന്ന് തോന്നാറുണ്ട്.
ഡിസംബർ മാസമായതുകൊണ്ട് നടന്നാണ് പോകുന്നത്.
അന്നും പതിവുപോലെ സ്കൂൾ വിട്ടു വീട്ടിലോട്ടു പോകുകയാണ്.
കുറച്ചു ദൂരം പോയി വഴിയിലുള്ള രണ്ടാമത്തെ തോടിന് മുകളിലുള്ള പാലത്തിനടുത്തെത്തി. ഞാൻ ഒറ്റക്കാണ്. തൊട്ടു മുൻപേ എന്റെ ക്ലാസ്സിലെ തന്നെ മധു എന്ന കുട്ടിയുണ്ട്. അവൻ എന്നെക്കാൾ സീനിയറാണ്. അഞ്ചാം ക്ലാസ്സിൽ രണ്ടാം വർഷമാണ്.
എന്നെക്കാൾ ഏതാണ്ട് ഇരട്ടി വലിപ്പം കാണും.
അവൻ പാലത്തിൽ ഒരു അഭ്യാസിയെ പോലെ ഓടിക്കയറി. അത് നോക്കി ഞാൻ പാലത്തിലേക്കുള്ള ആദ്യ പടിയിൽ തന്നെ കണ്ണു മിഴിച്ചങ്ങനെ നിന്നു.
എന്നെ ഒന്ന് ഞെട്ടിക്കാനാണ് അവന്റെ ഭാവം എന്ന് തോന്നുന്നു.
പാലത്തിനു നടുക്കെത്തിയപ്പോൾ അവൻ പെട്ടന്ന് ഒറ്റക്കാലിൽ നിന്ന് മുകളിലോട്ട് ചാടി ഒരു അഭ്യാസം കാണിച്ചു. അത് കണ്ടു ഞാൻ ശരിക്കും അത്ഭുതപ്പെട്ടു എന്ന് അവനു മനസ്സിലായി. അതിന്റെ ആവേശത്തിൽ അവൻ വീണ്ടും അഭ്യാസം തുടർന്നു. മൂന്നാമത്തെ ചാട്ടത്തിൽ അവന്റെ ബാലൻസ് തെറ്റി നേരെ തോട്ടിലേക്ക് വീണു.
എന്റെ പിറകെയുള്ള കുട്ടികളും അപ്പോഴേക്കും അവിടെ വന്നു. വെള്ളത്തിൽ നിന്ന് അവന്റെ തല പൊങ്ങി വന്നു. അവന് നീന്തൽ നല്ല വശമുണ്ട്. ഒരു വിധം കരയ്ക്ക് പിടിച്ചു കയറി. ബുക്കുകളും വസ്ത്രവും നന്നായി നനഞ്ഞിരുന്നു.
എന്നെ ഞെട്ടിച്ചുകൊണ്ട് അപ്പോൾ അവൻ പറയുന്നു ഞാനാണ് അവനെ പാലത്തിന്റെ നടുക്ക് നിന്ന് തള്ളിയിട്ടതെന്ന്. മറ്റുകുട്ടികൾ ഞാൻ പാലത്തിൽ അപ്പോൾ കയറിയിട്ടില്ല എന്ന് പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല.
അവൻ പിറ്റേന്ന് രാവിലെ തന്നെ ഹെഡ്മാസ്റ്റർ ഗോപാലപണിക്കർ സാറിനെ കണ്ട് കാര്യങ്ങൾ അവന്റേതായ രീതിയിൽ അവതരിപ്പിച്ചു.
രാവിലെ അസംബ്ലി തുടങ്ങും മുൻപ് എന്നെ ഹെഡ്മാസ്റ്ററിന്റെ മുറിയിലോട്ടു വിളിപ്പിച്ചു. ഗോപാലപണിക്കർ സാർ വളരെ കർക്കശക്കാരാനും ചൂരൽ പ്രയോഗത്തിൽ ഒട്ടും പിശുക്ക് കാണിക്കാത്ത ആളും ആണ് എന്ന് സ്കൂളിൽ ചേരും മുൻപുതന്ന കേട്ടിട്ടുള്ളതാണ്.
ഞാൻ മുറിയിൽ കയറിയപ്പോൾ മധു ഒരു വശത്തു നിൽക്കുന്നു. മുറുക്കാൻ ചവച്ച് വായ ചുവപ്പിച്ച് പണിക്കർ സാർ കസേരയിൽ ചാരിയിരിക്കുകയായിരുന്നു. മേശപ്പുറത്തു പല വലിപ്പത്തിലുള്ള ചൂരലുകൾ.
പെട്ടെന്ന് എനിക്ക് തറവാട്ടമ്പലത്തിൽ അരങ്ങേറിയിരുന്ന കഥകളിയിലെ കത്തി വേഷം ഓർമ്മയിൽ വന്നു—അന്നൊക്കെ എന്നെ ഏറെ ഭയപ്പെടുത്തിയിരുന്ന വേഷം.
എന്നോട് അടുത്ത് ചെല്ലാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.
ഞാൻ അല്പം ഭയത്തോടെ അടുത്ത് ചെന്നു. എന്നെ കണ്ടപ്പോൾത്തന്നെ മനസിലായെങ്കിലും അറിയാത്തതു പോലെ സഗൗരവം കസേരയിൽ അങ്ങനെ ഇരുന്നു.
മുറിയിൽ വെറ്റിലമുറുക്കിയതിന്റെയും പഴയ പുസ്തകങ്ങളുടെയും കുമ്മായം തേച്ച ചുവരുകളുടെയും ഒരു സമ്മിശ്ര ഗന്ധം നിറഞ്ഞുനിന്നിരുന്നു.
എന്തിനാണ് നീ അവനെ പാലത്തിൽ നിന്ന് തള്ളിയിട്ടത് എന്നായി ചോദ്യം. മേശമേലുള്ള ചൂരൽ കൈകൊണ്ട് മെല്ലെ അനക്കിക്കൊണ്ട് വീണ്ടും ചോദ്യം ആവർത്തിച്ച്, കസേരയുടെ അടുത്തു വെച്ചിട്ടുള്ള കോളാമ്പിയിലേക്ക് ചുവന്ന ദ്രാവകം നീട്ടി തുപ്പി. കൊമ്പൻ മീശയൊന്നു തടവി. കണ്ണടയുടെ മുകളിലൂടെ തറപ്പിച്ചു നോട്ടം.
എന്റെ ഹൃദയതാളം ആ മുറിയിൽ ഉച്ചത്തിൽ മുഴങ്ങും പോലെ തോന്നി.
അൽപ്പം ഭയത്തോടെ ഞാൻ തള്ളിയിട്ടിട്ടില്ല എന്നു പറഞ്ഞു.
ഞാൻ പാലത്തിൽ കയറും മുൻപേ മധു വീണിരുന്നു; ഒരു വിധം പറഞ്ഞൊപ്പിച്ചു.
വേഗം ചൂരൽ കയ്യിലെടുത്തു വായുവിൽ ഒന്ന് ചുഴറ്റി എന്നിട്ട് സത്യം പറയെടാ എന്ന് അലറി.
ഞാൻ നിലവിളിച്ചുകൊണ്ട് തള്ളിയിട്ടിട്ടില്ല എന്ന് ആവർത്തിച്ചു പറഞ്ഞു. അവൻ പാലത്തിൽ ഒറ്റക്കാലിൽ ചാടിക്കളിച്ചപ്പോൾ തെറ്റി വീണതാണെന്നു ഒരു വിധം പറഞ്ഞൊപ്പിച്ചു.
ചൂരൽ വീണ്ടും ചുഴറ്റി കഥകളിയിലെ രൗദ്ര ഭീമനെ പോലെ പണിക്കർ സാർ നിലകൊണ്ടു.
പെട്ടെന്ന് അവിടെ ഭാസ്കരൻ മാഷ് കയറി വന്നു. അദ്ദേഹത്തിന് എന്നെ നന്നായി അറിയാമായിരുന്നു. പണിക്കർ സാറിന്റെ ചെവിയിൽ എന്തോ പറഞ്ഞു.
പിന്നെ ഞങ്ങളോട് തിരിഞ്ഞ് രണ്ടാളും ഇവിടെനിൽക്കൂ അസംബ്ലി കഴിഞ്ഞ് തീരുമാനം ആകാം എന്നു പറഞ്ഞു പോയി.
ഓഫീസിന്റെ വാതിലിനു ഇരുവശവും പാറാവുകാരെ പോലെ ഞാനും മധുവും. വാദിയും പ്രതിയും.
എന്തിനാണ് മധു ഞാൻ തള്ളിയിട്ടതാണെന്ന് കള്ളം പറയുന്നത്. എത്ര ആലോചിച്ചിട്ടും അന്ന് പിടികിട്ടിയില്ല.
അസംബ്ലി കഴിഞ്ഞു കുട്ടികൾ എല്ലാവരും ക്ലാസ്സിൽ കയറി.
വന്നപാടെ മധുവിനോട് ക്ലാസ്സിൽ പോയ്ക്കൊള്ളാൻ പണിക്കർ സാർ അനുവാദം കൊടുത്തു.
എന്നോട് അവിടെ നിൽക്കുവാനും. സ്കൂളിലെ മറ്റു അധ്യാപകർ ഓരോരുത്തരും എന്നെ നോക്കി സഹതാപ ഭാവത്തോടെ പോകുന്നു. അതെനിക്ക് ഉണ്ടാക്കിയ മാനസിക വിഷമം ഇപ്പോഴും മാറിയിട്ടില്ല.
ഭാസ്കരൻ മാഷ് അടുത്ത് വന്ന് എന്നോട് കാര്യങ്ങൾ എല്ലാം വിശദമായി ചോദിച്ചു. തൊട്ടു പിറകിലായി വേറെ കുട്ടികൾ ഉണ്ടായിരുന്നു എന്ന് ഞാൻ പറഞ്ഞു. അതാരെല്ലാമെന്ന് എനിക്ക് അറിയുകയുമില്ല.
അദ്ദേഹം ഒരു വേള ആലോചിച്ചു.
പണിക്കർ സാറിനോട് എന്തോ സംസാരിച്ചു.
എന്നെ വീണ്ടും മുറിയിൽ വിളിപ്പിച്ചു. ചൂരൽ വീണ്ടും ഉയർത്തി. അതൊരു സൈക്കോളജിക്കൽ നീക്കം ആണെന്ന് ഇപ്പോൾ തോന്നുന്നു.
ഞാൻ ധൈര്യം സംഭരിച്ച് ഇല്ല എന്ന് ആവർത്തിച്ചു.
എന്നോട് തൽക്കാലം ക്ലാസ്സിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു.
ഭാസ്കരൻ മാഷ് പിന്നെ സാക്ഷികളെ കണ്ടെത്താനുള്ള പദ്ധതിയുണ്ടാക്കി.
പിറ്റേന്ന് അസംബ്ലിയിൽ മധു പാലത്തിൽ നിന്ന് വീഴുന്നത് കണ്ടവർ മാഷിനെ വന്നു കാണണമെന്ന് ആവശ്യപ്പെട്ടു.
അങ്ങനെ അത് കണ്ട ഏഴാം ക്ലാസ്സിലുള്ള മൂന്ന് കുട്ടികൾ മധു പാലത്തിൽ നിന്ന് അഭ്യാസപ്രകടനങ്ങൾ നടത്തിയതും പിന്നെ കാൽ വഴുതി തോട്ടിൽ വീണതും വിവരിച്ചു. തന്നെയുമല്ല അവർ ഒരു കാര്യം കൂടെ പറഞ്ഞു. മധു ഇത് ഏതാണ്ട് മിക്ക പാലത്തിലും ദിവസേന എന്നോണം ചെയ്യുന്നത് അവർ കാണാറുണ്ട് എന്നും.
വാദി ഏതാണ്ട് പ്രതിയായ അവസ്ഥ. എന്നെയും മധുവിനെയും വീണ്ടും വിളിപ്പിച്ചു.
ചോദ്യം ആവർത്തിച്ചു. ഞാൻ പിറകിൽ നിന്ന് അവനെ തള്ളിയിട്ടതാണെന്ന് അവൻ ഉറപ്പിച്ചു പറയുന്നു.
അപ്പോൾ പാലത്തിൽ കയറിയിട്ടില്ലെന്നു ഞാനും ആവർത്തിച്ചു.
അവസാനം ഭാസ്കരൻ മാഷ് പാലത്തിൽ ഡാൻസ് ചെയ്യാൻ ആരാണ് നിന്നെ പഠിപ്പിച്ചതെന്നായി മധുവിനോട്.
പെട്ടെന്ന് അവന്റെ മുഖം മാറി.
എന്നോട് ക്ലാസ്സിൽ പൊയ്ക്കോളാൻ പണിക്കർ സാർ പറഞ്ഞു.
നടക്കുമ്പോൾ ചൂരൽ പ്രയോഗത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു.
ഒരു പക്ഷേ ഭാസ്കരൻ മാഷില്ലായിരുന്നെങ്കിൽ, ഞാൻ തന്നെയാണ് മധുവിനെ തള്ളിയിട്ടതെന്ന് പണിക്കർ സാർ വിശ്വസിച്ചേനെ.
ആ സംഭവം എന്നെ മാനസികമായി ഏറെ ഉലച്ചിരുന്നു.
കാലങ്ങൾ കടന്നുപോയി. ഭാസ്കരൻ മാഷ് വിരമിച്ചു. ഒരിക്കൽ വീട്ടിലെ ഒരു ചടങ്ങിൽ വെച്ച് അദ്ദേഹത്തെ കണ്ടു. അപ്പോൾ ഞാൻ അദ്ദേഹത്തോട് അന്നത്തെ സംഭവം ഒരു അഞ്ചാം ക്ലാസുകാരന്റെ നിഷ്കളങ്കതയോടെ ചോദിച്ചു. എന്തിനാവും മധു അങ്ങനെ കള്ളം പറഞ്ഞത്?
അദ്ദേഹം ഒരു നിമിഷം കണ്ണടച്ചു. പിന്നെ മെല്ലെ പറഞ്ഞു.
"സ്വന്തം അശ്രദ്ധ മൂലമുണ്ടായ വീഴ്ചയുടെ ഉത്തരവാദിത്വം മറ്റൊരാളിലേക്ക് മാറ്റിയതായിരിക്കാം".
"പിന്നെ നിനക്ക് കിട്ടുന്ന പരിഗണനയും മറ്റും ഒരുപക്ഷേ അവനിൽ അസൂയ വളർത്തിയിട്ടുണ്ടാകാം."
മധു പറഞ്ഞ ആ കള്ളം അന്ന് ഒരു അഞ്ചാം ക്ലാസുകാരന്റെ മേൽ വീണത് ഒരു ചൂരലിന്റെ ഭയമായിരുന്നു. പക്ഷേ അതിന്റെ നിഴൽ അവിടെ അവസാനിച്ചില്ല.
വർഷങ്ങൾ കഴിഞ്ഞിട്ടും അപരിചിതമായ മുഖങ്ങൾക്കു മുന്നിൽ മനസ്സിൽ പിറക്കുന്ന ആ ചെറിയ ഭയത്തിന്റെ വേരുകൾ എവിടെയാണെന്ന് ഞാൻ ഇന്നും മനസ്സിലാക്കുന്നു.
അത് തുടങ്ങിയത് ആ കുട്ടനാടൻ വഴിയിലെ ഒരു പാലത്തിനരികിലായിരുന്നു.
ചിലപ്പോൾ നിസ്സാരമെന്ന് തോന്നാവുന്ന ഒരു കള്ളം ഒരു ചൂരലിനേക്കാൾ ആഴത്തിൽ മുറിവേൽപ്പിക്കുമെന്ന് ഞാൻ ആദ്യമായി പഠിച്ചതും അന്നാണ്.