Teddy's Memoirs in Malayalam Animals by aNil Madhavan books and stories PDF | ടെഡിയുടെ ഓർമ്മക്കുറിപ്പുകൾ

Featured Books
Categories
Share

ടെഡിയുടെ ഓർമ്മക്കുറിപ്പുകൾ

ടെഡിയുടെ ഓർമ്മക്കുറിപ്പുകൾ

1. ഞാനാണ് ടെഡി  

ഹലോ, എന്നെ മനസ്സിലായിക്കാണില്ല എന്നറിയാം. വീട്ടിൽ വരുന്നവർക്ക് എന്നെ പരിചയപ്പെടുത്തേണ്ട കാര്യമില്ല.

എന്റെ പേര് ടെഡി. 
എന്നെ സ്നേഹിക്കുന്നവർ ടെഡി ബോയ് എന്നും വിളിക്കും.
ഷിഹ് സൂ വംശത്തിൽ പെട്ടവനാണ്. ടിബറ്റിലും മറ്റുമുള്ള ബുദ്ധസന്യാസിമാരുടെ കൂടെക്കഴിയുന്നവരായിരുന്നു എന്റെ പൂർവികർ പോലും.  

കണ്ടാൽ എനിക്ക് ആറുമാസം പ്രായമേ തോന്നുകയുള്ളൂ. എങ്കിലും ഇപ്പോൾ എനിക്ക് ആറര വയസ്സിലധികം പ്രായമുണ്ട്. 

ഞാൻ വളരെ ചെറുപ്പത്തിലായിരിക്കുമ്പോഴാണ് എന്റെ വീട്ടിൽ എത്തിയത്. അതിനാൽ നാടും ജന്മസ്ഥലവും മാതാപിതാക്കളെപ്പറ്റിയുമൊന്നും എനിക്കറിയില്ല. 

വീട്ടിലുള്ള എന്റെ സർട്ടിഫിക്കറ്റിൽ അതെല്ലാം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതൊന്നും എനിക്കറിയില്ലല്ലോ.

എന്റെ വീട്ടിൽ എന്നെ കൂടാതെ ജാക്ക് എന്ന ഒരു സ്പിറ്റ്സ് കൂടെയുണ്ട്.  

എന്നെ തനിച്ചാക്കി വീട്ടിലുള്ളവർ ഒരു ദിവസത്തിൽ കൂടുതൽ പോകാറില്ല. അത് എന്നെ ഓർത്തിട്ടാണെന്ന് എനിക്കറിയാം.

അവരെല്ലാം പുറത്തുപോകുമ്പോൾ ആദ്യമൊക്കെ എനിക്ക് വിഷമമുണ്ടായിരുന്നു. അന്ന് തന്നെ തിരികെ വരും എന്നുറപ്പുള്ളതുകൊണ്ട് ഇപ്പോൾ എനിക്ക് പേടിയില്ല.

എല്ലാവരും തിരികെ വരുന്നതുവരെ എന്റേതായ ലോകത്ത് ഞാൻ അങ്ങനെ കിടക്കും.

പിന്നെ ഞാൻ ദിവാസ്വപ്നങ്ങളിൽനിന്ന് ഉണരുന്നത് ഗേറ്റ് തുറക്കുന്ന ശബ്ദം കേൾക്കുമ്പോഴായിരിക്കും.

വീട്ടിലുള്ളവരെ വീണ്ടും കാണുമ്പോഴുള്ള സന്തോഷം നിങ്ങൾ മനുഷ്യർക്ക് മനസ്സിലാകുമോ എന്ന് എനിക്ക് നിശ്ചയമില്ല.

എന്റെ ആകെയുള്ള ഒരു കുഴപ്പം അസൂയയും കുശുമ്പും അൽപ്പം കൂടുതലാണെന്നുള്ളതാണ്.

എന്റെ വീട്ടിലുള്ളവർ മറ്റു നായകളെയോ, എന്തിന്, പൂച്ചകളെപ്പോലും തൊടുന്നതും നോക്കുന്നതും എനിക്ക് ഒട്ടും ഇഷ്ടമല്ല. ജാക്കിനോട് പ്രത്യേകിച്ചും. അപ്പോൾ ഞാൻ ഒരു നാഗവല്ലിയാകും.

എന്റെ വീട്ടുമുറ്റത്ത് അറിയാതെ ഒരു ഈച്ചയോ പൂച്ചയോ കയറിപ്പോകാൻ ഞാൻ സമ്മതിക്കില്ല. അവരെങ്ങാനും എന്റെ വീട്ടിൽ കയറിക്കൂടിയാലോ! ഹോ... അതെനിക്ക് ഓർക്കാൻപോലും വയ്യ.

പിന്നെ, എന്റെ മറ്റൊരു സന്തോഷം മാസത്തിലൊരിക്കൽ ഗ്രൂമിങ് സെന്ററിൽ പോകുന്നതാണ്. അവിടെ എന്നെപ്പോലെ ഒരുപാട് പേരെ കാണാം. പക്ഷേ ഞാൻ ആരെയും ശ്രദ്ധിക്കാതെ അൽപ്പം ജാഡ കാണിച്ച് അങ്ങനെ ഇരിക്കും.

കഴിഞ്ഞ രണ്ടു പ്രാവശ്യമായി അതിൽ അൽപ്പം മാറ്റം വരുന്നുണ്ടോ എന്ന് എനിക്ക് ഒരു ചെറിയ സംശയം തോന്നുന്നു. അതിനു കാരണം വെളുത്ത നിറത്തിൽ കറുത്ത പൊട്ടുകളുള്ള സുന്ദരി മിക്കിയാണ്. 

എന്റെ നേരെ എതിർവശത്തുള്ള കൂട്ടിലാണ് മിക്കി. ഈ മാസം പോകുമ്പോൾ വീണ്ടും മിക്കിയെ കാണാൻ പറ്റുമോ?

ഹോ, സമയം പോയതറിഞ്ഞില്ല. എന്നെ ആഹാരം കഴിക്കാൻ അമ്മ വിളിക്കുന്നു. പെട്ടെന്ന് ചെല്ലട്ടെ, അല്ലെങ്കിൽ പിണങ്ങും.
അപ്പോൾ ശരി, പിന്നെ കാണാം.

2. എന്റെ ഓർമ്മകൾ 

എന്റെ ഓർമ്മകളും വിചാരങ്ങളും പറയാനാണെങ്കിൽ ഒരുപാടുണ്ട്.

ഞാൻ വീട്ടിലെ എല്ലാ കാര്യങ്ങളിലും മുന്നിൽ തന്നെ ഉണ്ടാവും. രണ്ടുപേർ സംസാരിക്കാൻ തുടങ്ങിയാൽ മൂന്നാമനായി ഞാൻ അവിടെ കാണും. അതിപ്പോൾ വീട്ടിലെ എന്റെ സ്വന്തം ആളുകളായാലും പുറത്തുനിന്നുള്ളവരായാലും ഞാൻ അവിടെ ഉണ്ടാകും. അവർ എന്തെല്ലാമാണ് പദ്ധതിയിടുന്നതെന്ന് അറിയണമല്ലോ. ഞാൻ ഒരു കേൾവിക്കാരൻ മാത്രമായി, അൽപ്പം ഗൗരവത്തോടെ അവിടെ ഇരിക്കും.

ആരെങ്കിലും വീട്ടിൽ വരുമ്പോൾ ഞാൻ ആദ്യം ചെയ്യുന്നത് എന്റെ കളിപ്പാട്ടങ്ങൾ അവരുടെ കണ്ണിൽപ്പെടാതെ മാറ്റിവെക്കുക എന്നതാണ്. അവര് പോകുമ്പോൾ കൊണ്ടുപോയാലോ എന്നൊരു ഭയം. 

പിന്നെ സാധനങ്ങൾ തരാൻ വരുന്നവരെ അത്യാവശ്യം കുരച്ച് പേടിപ്പിക്കാറുമുണ്ട്.

3. മഴക്കാലം 

എനിക്ക് ഒരു പ്രശ്നമുള്ളത് പറയാമല്ലോ. 

മഴക്കാലമായാൽ വീടിന്റെ പരിസരത്ത് ഇഷ്ടംപോലെ ചുറ്റിനടക്കാൻ പ്രയാസമാണ്.

എന്നാലും എന്റെ വലിയ പേടി ഇടിവെട്ടുന്നതാണ്. അപ്പോൾ ഞാൻ സുരക്ഷിതമായ ഒരിടത്തേക്ക് പോയി ഒളിക്കും. വീടിന്റെ ഏണിപ്പടിക്കടിയിൽ അതിനുള്ള സ്ഥലം ഞാൻ സ്വയം കണ്ടെത്തിയിട്ടുണ്ട്.

അതുപോലെ വിഷുവിനും മറ്റു ഉത്സവങ്ങൾക്കും പടക്കങ്ങൾ പൊട്ടിക്കുമ്പോൾ ഞാൻ ആകെ പേടിച്ചുപോകും. പേടികൊണ്ട് എന്റെ ഹൃദയമിടിപ്പ് കൂടും.

അന്നെനിക്ക് ഭക്ഷണം കഴിക്കാൻ പോലും പേടിയാണ്.
എന്തിനാണ് ഇത്രയും ഉച്ചത്തിൽ പടക്കങ്ങൾ പൊട്ടിക്കുന്നത്? എത്ര ആലോചിച്ചിട്ടും എന്റെ ചെറിയ തലയിൽ അതിന് ഉത്തരം കിട്ടുന്നില്ല.

എനിക്ക് മാത്രമല്ല, എന്നെപ്പോലെ ജാക്കിനും എന്റെ അയലത്തുള്ള പ്ലൂട്ടോക്കും കൈസറിനും പേടിയുണ്ടാവുമോ എന്തോ.

പിന്നെ കാണാം. ചിക്കൻ റെഡിയായോ എന്ന് നോക്കട്ടെ.

4. ജാക്ക് 
ഞാൻ പറഞ്ഞതുപോലെ ജാക്ക് ഇവിടെ വന്നിട്ട് പതിനൊന്നു വർഷം ആയി എന്നാണ് കേൾക്കുന്നത്. അതിന്റെ ഒരു അഹങ്കാരം ജാക്കിനുണ്ടോ എന്ന് എനിക്ക് ചിലപ്പോൾ തോന്നാറുണ്ട്. അത് എന്റെ അസൂയ കൊണ്ട് തോന്നുന്നതുമാവാം.

ജാക്കിന് നല്ല ആരോഗ്യമാണ്. വീടിന്റെ മുഴുവൻ ചുറ്റുവട്ടവും അവന്റെ നിയന്ത്രണത്തിലാണ്.
ഗേറ്റിനു മുൻപിൽ വണ്ടികളോ ആൾക്കാരോ വന്നാൽ വായുവിൽ ചാടി കറങ്ങി ഒരു അഭ്യാസമുണ്ട്. അതുകണ്ടാൽ തന്നെ പേടിയാവും. വീടിന്റെ മുക്കിലും മൂലയിലും ഞൊടിയിടയിൽ അവൻ ഓടിയെത്തും.

എന്നോട് അടുപ്പം കൂടാൻ വരുമെങ്കിലും ഞാൻ പോകാറില്ല.

5. പ്ലൂട്ടോ 

രാവിലെ ഞാൻ കുറച്ചുനേരം ബാൽക്കണിയിലിരുന്ന് കാഴ്ചകൾ കണ്ടിരിക്കും.
കരിയിലക്കിളികളും മാടത്തകളും തമ്മിൽ മിക്ക ദിവസങ്ങളിലും അതിർത്തിത്തർക്കങ്ങൾ ഉണ്ടാവാറുണ്ട്. ചിലപ്പോൾ അത് നല്ല ഉച്ചത്തിലായിരിക്കും. ഞാൻ അതിൽ ഇടപെടാറില്ല. അവർതന്നെ പറഞ്ഞുതീർക്കട്ടെ എന്നു കരുതി ഇരിക്കും.

അപ്പോഴായിരിക്കും അവരുടെ ഇടയിലേക്ക് ലോകം കീഴടക്കിയ മട്ടിൽ ഒരാൾ കടന്നുവരുന്നത്.
പെട്ടെന്ന് അതിർത്തിത്തർക്കം ഉപേക്ഷിച്ച് എല്ലാവരും മരച്ചില്ലകളിൽ സ്ഥാനം പിടിക്കും. അന്തരീക്ഷം ശാന്തമാകും.

മറ്റാരുമല്ല, ഇവിടെയുള്ള എല്ലാ വീടുകളിലും കയറിയിറങ്ങി നടക്കുന്ന പ്ലൂട്ടോയാണ്. ആളെ ഞാൻ പരിചയപ്പെടുത്താം. പ്ലൂട്ടോ ഒരു പേർഷ്യനാണെന്നാണ് സംസാരം. കണ്ടാൽ സുന്ദരനാണെന്ന് അവനുതന്നെ തോന്നലില്ലാതില്ല.
അത് ശരിയാണ് താനും.

കഴുത്തിൽ ഒരു മണിയും കെട്ടി ഒരു പ്രത്യേക നടത്തമുണ്ട്. എന്നെക്കാൾ ഇരട്ടിയിലധികം പ്രായമുണ്ട്. പക്ഷേ അവനെ കണ്ടാൽ അങ്ങനെ തോന്നില്ല. അവൻ എന്നോട് അത്ര ഇഷ്ടത്തിലല്ല. എന്റെ കുശുമ്പുതന്നെയാണ് അതിന് കാരണം. 

അവനെപ്പറ്റി ചിലരെല്ലാം ഓരോന്ന് പറയുന്നത് കേട്ടിട്ടുണ്ട്. വീട്ടിനകത്തു സൂത്രത്തിൽ കയറി മീൻ വറുത്തതും, കോഴി പൊരിച്ചതും മറ്റും കട്ട് തിന്നാറുണ്ട് പോലും. പക്ഷേ അവനെക്കണ്ടിട്ട് എനിക്കങ്ങനെ തോന്നിയിട്ടില്ല.

6. കൈസർ

പ്ലൂട്ടോയെക്കുറിച്ച് പറഞ്ഞപ്പോൾ കൈസറിനെ അങ്ങനെ മറക്കാൻ പറ്റില്ലല്ലോ.

ഞാൻ രാവിലെ വീടിന്റെ പുറകിലുള്ള ഗേറ്റിനടുത്തുപോയി നിലത്ത് രണ്ടുതവണ മാന്തു കൊടുക്കും. 

അതൊരു രസമാണ്.
അത് എന്തിനാണെന്നല്ലേ? 

വെറുതെ ഉറങ്ങിക്കിടക്കുന്ന അപ്പുറത്തെ കൈസറിന് ഒരു ജോലിയായിക്കോട്ടെ എന്നു കരുതിയാണ്. 

എന്റെ മാന്തലിന്റെ ശബ്ദം കേട്ടാലുടൻ അവൻ കുരയ്ക്കാൻ തുടങ്ങും. പിന്നെ കുറഞ്ഞത് പതിനഞ്ച് മിനിറ്റോളം നിർത്തില്ല. ഞാൻ ഒന്നും അറിയാത്തതുപോലെ വീട്ടിൽ പോയിക്കിടക്കും. ഇത് എല്ലാ ദിവസവും നടക്കുന്ന കാര്യമാണ്.

ജർമൻ ഷെപ്പേർഡ് ആണെങ്കിലും അതിന്റെ അഹങ്കാരമൊന്നും അവനില്ല. ആളൊരു പാവമാണ്.

7. കുട്ടികളും ഞാനും 

എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണ്. അവരുമായി ഓടിക്കളിക്കാനും ഒളിച്ചുകളിക്കാനും മറ്റും.

അവർക്കും എന്നെ ഇഷ്ടമാണ്. അടുത്തിടെ വീട്ടിൽ തങ്കവും, പിയയും പിന്നെ മാധുരിയും മറ്റും വന്നിരുന്നു. അവരെല്ലാം തിരിച്ചുപോയപ്പോൾ ഒരു വിഷമം ഉണ്ടായി.

തങ്കത്തിനു എന്നെ കൂടെ കൊണ്ടുപോയാലോ എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

കുട്ടികളോടൊപ്പം സെൽഫിയെടുക്കാൻ ഞാൻ നിന്നുകൊടുക്കാറുണ്ട്.

8. ഒറ്റപ്പെട്ടുപോയ കഥ 

ഒരിക്കൽ ഞാൻ വീടുവിട്ട് ഒരു ഓട്ടം കൊടുത്തു. 

ഒരു പൂച്ചയെ പേടിപ്പിക്കാൻ പോയതാണ്—പ്ലൂട്ടോ അല്ല കേട്ടോ. 

ഗേറ്റ് തുറന്നുകിടന്നത് അപ്പോഴത്തെ ആവേശത്തിൽ ഞാൻ അറിഞ്ഞില്ല. മുന്നും പിന്നും നോക്കാതെ ഞാൻ പൂച്ചയുടെ പിന്നാലെ ഓടി. അവസാനം എത്തിപ്പെട്ടത് കുറച്ച് വീടുകൾക്കപ്പുറത്താണ്.
പുതിയ സ്ഥലം, പുതിയ ആളുകൾ. ഞാൻ ആകെ പേടിച്ചുപോയി. കുറച്ചു നേരം അങ്ങനെ നിന്നു. പേടിച്ച് നിൽക്കുവാണെന്ന് തോന്നാതിരിക്കാൻ ഞാൻ ശ്രമിച്ചു.  

ഭാഗ്യത്തിന് അമ്മ വന്ന് എന്നെ കൈയോടെ തിരികെ കൊണ്ടുപോയി. അന്നെനിക്ക് തല്ലും കിട്ടി. അങ്ങനെ അന്ന് ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടു.

9. എന്റെ ആശുപത്രി യാത്രകൾ 

എനിക്ക് കണ്ണിന് ഇടയ്ക്കിടെ അസുഖം വരാറുണ്ട്. മുടി വളർന്ന് കണ്ണിൽ കൊള്ളുന്നതാണ്. അപ്പോൾ കാറിൽ കാഴ്ചകൾ കണ്ടുകൊണ്ടുള്ള ആശുപത്രിയാത്ര രസമുള്ളതാണ്.

ആശുപത്രിയിൽ എല്ലായ്‌പ്പോഴും നല്ല തിരക്കായിരിക്കും. അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന ലാബും പ്രായത്തിന്റെ വിഷമതകളുള്ള റോട്ടും അങ്ങനെ പല കാഴ്ചകളും കാണാം.

കഴിഞ്ഞ പ്രാവശ്യം എനിക്ക് ഒരു വിഷമം ഉണ്ടായി. രണ്ടു കുട്ടികൾ ആശുപത്രിയുടെ വാതിൽപ്പടിയിൽ നിന്ന് കരയുന്നു. അവരുടെ ലാബ് കുറച്ചുമുമ്പ് ചത്തുപോയിരുന്നു. പാമ്പുകടിയേറ്റതാണെന്ന് അറിഞ്ഞപ്പോൾ എനിക്കും വിഷമമായി.

ചിലപ്പോൾ എനിക്ക് മുതുകിൽ കുത്തിവയ്പ്പുണ്ടാകും. ഞാൻ അനങ്ങാതെ നിൽക്കും. അസുഖം പെട്ടെന്ന് മാറണമല്ലോ.
ഞാൻ വളരെ പാവമാണെന്നാണ് എന്നെ നോക്കുന്ന ഡോക്ടറും സ്റ്റാഫും പറയുന്നത്.

ഡോക്ടർ എന്റെ തൂക്കം നോക്കിയിട്ട് ഭാരം കുറയ്ക്കണമെന്നൊക്കെ പറയുന്നുണ്ട്. അതിനിപ്പോൾ ഞാൻ ഭക്ഷണം കഴിക്കാതെ കിടക്കേണ്ടിവരുമോ? ഓർത്തിട്ട് ടെൻഷനാകുന്നു. എന്തായാലും ഭക്ഷണം ഒഴിവാക്കാൻ എനിക്ക് പറ്റില്ല.

നാല് മണിക്ക് എല്ലാവരും ചായ കുടിക്കുമ്പോൾ എനിക്ക് നാല് ആരോറൂട്ട് ബിസ്‌ക്കറ്റ് വേണം.
അതിപ്പോ ഒരു ശീലമായി.

10. എന്റെ കുടുംബവും ഞാനും

വീട്ടിൽ ആർക്കെങ്കിലും അസുഖം വന്നാൽ പിന്നെ എനിക്ക് ആകെ ഒരു ടെൻഷനാണ്.

ഞാൻ അവരുടെ കിടക്കയുടെ അടുത്തുതന്നെ ഇരിക്കും. ഇടയ്ക്ക് കട്ടിലിൽ പിടിച്ചുയർന്നു നോക്കും. അസുഖം മാറും വരെ കട്ടിലിനു അടിയിലായിരിക്കും പിന്നെ എന്റെ കിടപ്പ്.

വീട്ടിലെ എല്ലാവരുടെയും കാര്യങ്ങളിലുള്ള എന്റെ ശ്രദ്ധ കാരണം എനിക്ക് ഒരു വിളിപ്പേരുണ്ട്—“സൂപ്രണ്ട് ടെഡി”.

മരുന്നെല്ലാം കഴിച്ച് പെട്ടെന്ന് അസുഖം മാറണമല്ലോ. അവരല്ലാതെ എനിക്ക് പിന്നെ ആരാണുള്ളത്?

എനിക്ക് അസുഖം വന്നാൽ എന്റെ വീട്ടിലുള്ളവർക്കെല്ലാം ടെൻഷനാണ്.

ഇനിയും ഒരുപാട് പറയാനുണ്ട്. പിന്നീടാവട്ടെ.

നിങ്ങൾക്കെല്ലാവർക്കും എന്റെ ഓർമ്മക്കുറിപ്പുകൾ ഇഷ്ടമായെന്ന് വിചാരിക്കുന്നു.
നിർത്തട്ടെ.
ടെഡി ബോയ്