Buried gold in Malayalam Fiction Stories by aNil Madhavan books and stories PDF | കുഴിച്ചിട്ട സ്വർണം

Featured Books
Categories
Share

കുഴിച്ചിട്ട സ്വർണം

കുഴിച്ചിട്ട സ്വർണം 

ഇന്നലെ വരെ പറമ്പിന്റെ മുക്കിലും മൂലയിലും ഉത്സാഹത്തോടെ ഓടി നടന്നിരുന്ന സാവിത്രിചേച്ചി ഇന്ന് ആശുപത്രി കിടക്കയിൽ അനങ്ങാതെ കിടക്കുന്നു എന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഭർത്താവ് ഗോപിയേട്ടൻ ഒപ്പമുണ്ട്. അദ്ദേഹവും ആകെ അസ്വസ്ഥനാണ്.

എന്താണ് പെട്ടെന്ന് ഇങ്ങനെ സംഭവിച്ചതെന്ന് ആലോചിച്ച് ആശുപത്രിയിലേക്ക് പോയി. 

അവർക്ക് കുട്ടികളില്ല. ധാരാളം സമ്പത്തുണ്ട്. പക്ഷേ ആരെയെങ്കിലും സഹായിക്കുന്ന മനസ്സ് ഒരിക്കലും ഉണ്ടായിരുന്നില്ല.
കാശ് എന്നുവെച്ചാൽ രണ്ടാൾക്കും ദൈവം തന്നെയായിരുന്നു. മരിക്കുമ്പോഴും കൂടെ കൊണ്ടുപോകാമെന്ന് തോന്നിപ്പിക്കുന്നത്ര സ്നേഹം.

"സഹായം" എന്ന പേരിൽ ആളുകളുടെ അടുത്തേക്ക് ഓടിയെത്തും, അവർ ആവശ്യപ്പെടും മുൻപ് നോട്ടുകെട്ടുകൾ നീട്ടും—പക്ഷേ ആദ്യപടിയായി വീടിന്റെ ആധാരം അല്ലെങ്കിൽ സ്വർണം കൈക്കലാക്കും.

പലിശയും മറ്റു നിബന്ധനകളും പിന്നീടാണ് വെളിപ്പെടുക. പലിശയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല—സ്വന്തം സഹോദരങ്ങൾ വന്നാലും ഒരു രൂപ കുറയ്ക്കില്ല.

പലിശ മുടങ്ങിയാലോ, കരാർ പ്രകാരം കാര്യങ്ങൾ നടക്കാതെ വന്നാലോ പിന്നെ കോടതി വ്യവഹാരങ്ങൾ തുടങ്ങുകയായി. സിവിൽ കേസ് മുതൽ ക്രിമിനൽ കേസ് വരെ അങ്ങനെ നീണ്ടു പോകും. നാട്ടുകാര് പറയുന്നത് ഇവരുടെ കേസുകൾ മാത്രം നോക്കാനേ വക്കീലിന് സമയമുള്ളൂ എന്നാണ്. അത്രക്കുണ്ടാവും കേസുകളുടെ ബാഹുല്യം.

മക്കളില്ലാത്തതിന്റെ ശൂന്യത അവർ നികത്തിയിരുന്നത് ബാങ്ക് ബാലൻസ് നോക്കിയും, ആരുമറിയാതെ ശേഖരിച്ചുവെച്ച സ്വർണ്ണാഭരണങ്ങൾ തൊട്ടുതലോടിയുമായിരുന്നു.

ഭർത്താവ് ഗോപിയേട്ടനെ കണ്ടാൽ ഒരു, ലോകവിവരമില്ലാത്ത പാവം മനുഷ്യൻ—സാവിത്രി ചേച്ചിയുടെ ഹുങ്കിൽ ഒതുങ്ങിക്കഴിയുന്ന വെറുമൊരു നിഴൽ മാത്രമെന്ന് തോന്നും. എന്നാൽ അദ്ദേഹവും വട്ടിപലിശയും ഓൺലൈൻ ട്രേഡിങ് മറ്റുമായി പൈസ ഇരട്ടിപ്പിക്കുന്നുണ്ട്. പലിശ കൃത്യമായി വാങ്ങാൻ അദ്ദേഹം മറക്കാറില്ല.

ബാങ്ക് ലോക്കറിന് വാടക കൊടുക്കണം, പിന്നെ നാട്ടുകാർ അറിയുകയും ചെയ്യും. വീട്ടിൽ വെച്ചിരുന്നാൽ കള്ളന്മാരെ പേടിക്കണം. ഇതെല്ലാം ഓർത്ത് സാവിത്രിചേച്ചിയും ഗോപിയേട്ടനും സ്വർണ്ണശേഖരവും നോട്ടു കെട്ടുകളും എല്ലാം ഒരു പെട്ടിയിലാക്കി പറമ്പിലെ ആരും ശ്രദ്ധിക്കാതെ കിടക്കുന്ന കോണിലുള്ള അലക്കു കല്ലിന്റെ അടുത്തായി കുഴിച്ചിട്ടു. 

രാത്രിയിൽ രണ്ടാളും ടോർച്ചും മൺവെട്ടിയുമായി ഇറങ്ങും. നിധികാക്കും ഭൂതങ്ങളെ പോലെ.
ആരും കാണുന്നില്ലായെന്ന് ഉറപ്പുവരുത്തി പെട്ടി തുറന്നു പുതിയ പണയ സ്വർണ്ണവും നോട്ട് കെട്ടുകളും അതിൽ നിക്ഷേപിക്കും.

നാട്ടുകാരെ ജോലിക്ക് വെച്ചാൽ അവരുടെ രഹസ്യങ്ങൾ പുറത്താകും എന്നു പേടിച്ച് ഒഡീഷ സ്വദേശി ഭൗമിക് ആണ് അവരുടെ വീട്ടു ജോലികൾ ചെയ്യുന്നത്. പറമ്പ് വൃത്തിയാക്കുക, പശുവിനെ നോക്കുക അങ്ങനെ തുടങ്ങി എല്ലാകാര്യങ്ങളും അയാളാണ് ചെയ്യുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ അവരുടെ വിശ്വാസ്തനായി ഭൗമിക് മാറി.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഭൗമിക്കിന് നാട്ടിൽ നിന്നൊരു ഫോൺ വിളി വന്നത്. അമ്മക്ക് അസുഖമാണ് പെട്ടന്നെത്തണം.

അയാൾക്ക് ടിക്കറ്റ് എടുത്തു കൊടുത്തു നാട്ടിലേക്ക് വിട്ടു.
പെട്ടന്ന് വരണമെന്ന് പ്രത്യേകം പറഞ്ഞ് ഏർപ്പാടാക്കിയിട്ടാണ് ട്രെയിൻ കയറ്റി വിട്ടത്. 

ഭൗമിക് വരുന്നത് വരെ വീട്ടു ജോലിയെല്ലാം ഗോപിയേട്ടന്റെയും സാവിത്രിച്ചേചച്ചിയുടെയും തലയിലായി. അതുകൊണ്ട് കുറച്ചു ദിവസമായി അലക്കുകല്ലിന്റെ ഭാഗത്തേക്ക്‌ പോയിട്ടില്ല. പുതിയതായി സ്വർണ്ണവും നോട്ടുകെട്ടുകളും കിട്ടിയതുമില്ല.

എന്തായാലും ഇന്ന് രാത്രി തുറന്ന് നാഗപടത്താലി എടുക്കണം. സാവിത്രി ചേച്ചി പറഞ്ഞു. അടുത്താഴ്ചയുള്ള വിവാഹത്തിന് അതണിഞ്ഞു വേണം പോകാൻ. എല്ലാ ബന്ധുക്കളും വരുന്നതാണ്.

അടുത്തിടെ ആയിട്ട് അവരുടെ രണ്ടു പേരുടെയും സമയം അത്ര നല്ലതല്ല എന്നു തോന്നുന്നു.

ഗോപിയേട്ടൻ പലിശക്ക് കൊടുത്ത രണ്ടു പേര് കോവിഡ് കാലത്ത് മരിച്ചുപോയി. കൂടെ പലിശക്ക് കൊടുത്ത രൂപയും. അദ്ദേഹം ആകെ അസ്വസ്ഥനാണ്. രക്തസമ്മർദം വളരെക്കൂടി ആശുപത്രിയിൽ കിടക്കേണ്ടതായും വന്നു.

അതിന്റെ നഷ്ടം നികത്താൻ ഓൺലൈൻ ട്രേഡിങ് പരീക്ഷിക്കാൻ തീരുമാനിച്ചു. അൻപതിനായിരം ഇട്ടാൽ ഇരുപതുലക്ഷം ആക്കാമെന്ന മോഹന വാഗ്ദാനം കണ്ട് ഒരു വലിയ തുക നിക്ഷേപിച്ചു. ആരോടും അഭിപ്രായം ചോദിച്ചതുമില്ല. അസൂയാലുക്കൾ നിരുത്സാഹപ്പെടുത്തിയാലോ.
ഒരാഴ്ച കഴിയുമ്പോൾ ഇരട്ടി കിട്ടുന്നതും നോക്കിയിരുന്നു.  

രാവിലെ പത്രത്തിൽ കണ്ട വാർത്ത കണ്ട് ഗോപിയേട്ടൻ ബോധംകെട്ടു വീണു. അത് ഒരു ഓൺലൈൻ തട്ടിപ്പായിരുന്നു. റിട്ടയർ ചെയ്ത പോലീസ് ഓഫീസർ മുതൽ സമൂഹത്തിലെ ഉന്നതരായ പലരുടെയും പൈസ നഷ്ടപ്പെട്ടു.

അങ്ങനെ ആകെ വിഷമിച്ചിരിക്കുമ്പോളാണ് രാത്രി സാവിത്രി ചേച്ചി ടോർച്ചുമായി വരുന്നത്. രണ്ടാളും അലക്കുകല്ലിന്റെ അടുത്തെത്തി. അടയാളത്തിന് വെച്ച കല്ല് അൽപ്പം മാറിയിട്ടുണ്ടോ? ഒരു സംശയം.
ഇരുട്ടല്ലേ, തോന്നലാവാം. അവർ സ്വയം ആശ്വസിച്ചു.

പെട്ടന്ന് മുകളിലുള്ള മെറ്റലെല്ലാം നീക്കി മൂടിയായി വെച്ച കല്ല് മാറ്റി പെട്ടി തുറന്നു. അവർ രണ്ടാളും ഞെട്ടലോടെ പരസ്പരം നോക്കി. പെട്ടി ശൂന്യം. അതിലുള്ള ഒന്നര കിലോയ്ക്ക് മുകളിലുള്ള സ്വർണവും ലക്ഷങ്ങളുടെ നോട്ട് കെട്ടുകളും കാണാനില്ല.

സാവിത്രിചേച്ചിയുടെ കണ്ണുകൾ ഇരുണ്ടു. കാലുകൾ ഉറയ്ക്കാതെ ആടി. ഒരു വശം തളർന്ന്, വായ കോടി അവർ നിലത്തു വീണു.
സ്ട്രോക്ക്.

ഗോപിയേട്ടനും തളർന്നിരുന്നു.
പോലീസിൽ പരാതിപ്പെടാനും പറ്റില്ല.

ദിവസങ്ങൾ കഴിഞ്ഞു. സാവിത്രിചേച്ചി ആശുപത്രിയിൽ നിന്ന് തളർന്ന നിലയിൽ തിരിച്ചെത്തി. കട്ടിലിൽ നിന്ന് അനങ്ങാൻ പറ്റില്ല.

ഗോപിയേട്ടൻ അകത്തും പുറത്തും ഒരേസമയം ഭ്രാന്തുപിടിച്ചവനെപ്പോലെ ഓടിനടന്നു—ആരോടും പറയാനും വയ്യ, ആരെയും സംശയിക്കാതിരിക്കാനും വയ്യ.

കൂനുമ്മേൽ കുരുവെന്നപോലെ സ്വർണം പണയം വെച്ചവർ തിരികെ അതെടുക്കുവാൻ രൂപയുമായി ഫോൺ വിളിയും.
കോടതികളിലാണെങ്കിൽ കേസുകളൊന്നും അവർക്ക് അനുകൂലമല്ലാത്ത സാഹചര്യവും.

ഒളിച്ചോടാനും പറ്റുകയില്ല. സാവിത്രി ചേച്ചിയുടെ അവസ്ഥ പെട്ടന്നങ്ങനെ ഓടാൻ പറ്റിയതല്ല. ഗോപിയേട്ടനും അത്രകണ്ട് ആരോഗ്യം പോരാ. മരുന്ന് മുടങ്ങിയാൽ സ്ട്രോക് വരാൻ അത് കാരണമാകും എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
മാനസിക പിരിമുറുക്കം വരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം എന്ന് കർശനമായി പറഞ്ഞിട്ടുള്ളതാണ്. 

കാര്യങ്ങൾ പക്ഷേ അവരുടെ കൈവിട്ടു പോയി എന്ന് രണ്ടാൾക്കും മനസ്സിലായിതുടങ്ങി. പക്ഷേ അപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.

അത്യാഗ്രഹത്തിന്റെ എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഒരു സുനാമി തന്നെയാണോ അവരെ കാത്തിരിക്കുന്നത്? അതിൽ നിന്ന് ഇനി ഒരു രക്ഷപ്പെടൽ അവർക്കിനി സാധ്യമോ?

അനിൽ മാധവൻ